സൈനികക്ഷേമ ഡയറക്ടറേറ്റിനെക്കുറിച്ച്
വിമുക്ത ഭടന്മാരുടെയും അവരുടെ ആശ്രിതരുടെയും സർവ്വതോന്മുഖമായ ക്ഷേമത്തിന്നും പുനരധിവാസത്തിനും, സൈനികരുടെയും, അവരുടെ ആശ്രിതരുടെയും ഉന്നമനത്തിനും പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും വേണ്ടി കേരള സർക്കാരിന്റെ പൊതുഭരണ വകുപ്പിന് കീഴില്‍ സൈനികക്ഷേമ വകുപ്പ് പ്രവർത്തിക്കുന്നു. ഈ വകുപ്പിനെ നിയന്ത്രിക്കുന്ന സൈനികക്ഷേമ ഡയറക്ടറേറ്റ് തിരുവനന്തപുരം വികാസ് ഭവനില്‍ സ്ഥിതി ചെയ്യുന്നു. സൈനികക്ഷേമ ഡയറക്ടര്‍ ആണ് ഈ വകുപ്പിന്റെ തലവന്‍. പ്രസ്തുത വകുപ്പിൻ്റെ കീഴില്‍ ജില്ലകള്‍ തോറും സൈനികക്ഷേമ ഓഫീസുകളുണ്ട്. ജില്ലാ സൈനികക്ഷേമ ഓഫീസർമാരുടെ മേൽനോട്ടത്തിലാണ് ഓരോ ജില്ലകളിലും ക്ഷേമ പ്രവർത്തനങ്ങൾ നടക്കുന്നത്.
വിമുക്തഭടന്മാർക്കും അവരുടെ ആശ്രിതർക്കും വേണ്ടി ആസൂത്രണം ചെയ്തിട്ടുള്ള ക്ഷേമ പ്രവർത്തനങ്ങൾ രാഷ്ട്രതലത്തില്‍ നിയന്ത്രിക്കുന്നത് കേന്ദ്ര വിമുക്ത ഭടന്മാരുടെ ക്ഷേമ വകുപ്പും കേന്ദ്രിയ സൈനിക ബോർഡും, പ്രതിരോധ മന്ത്രാലയത്തിന് കീഴില്‍ പ്രവർത്തിക്കുന്ന ഡയറക്ടര്‍ ജനറല്‍ റീസെറ്റിൽമെൻ്റുമാണ്. കര വ്യോമ നാവിക സേനകളുടെ കേന്ദ്ര ഓഫീസു-കളുമായും എല്ലാ റെക്കോർഡ് ഓഫീസുകളുമായും കേന്ദ്ര സംസ്ഥാന സർവ്വീസുകളിലെ വിവിധ വകുപ്പുകളുമായും വിമുക്ത ഭടന്മാരുടെ പുനരധിവാസത്തിനും ക്ഷേമ പ്രവർത്തനത്തിനും സൈനികരുടെയും ക്ഷേമ പ്രവർത്തനങ്ങൾക്കുമായും ദേശീയ/സംസ്ഥാനതലങ്ങളില്‍ ഈ വകുപ്പ് അടുത്ത സമ്പർക്കം പുലർത്തി വരുന്നു.
വിമുക്ത ഭടന്മാരുടെ പുനരധിവാസത്തിന്നും, മറ്റു ക്ഷേമ പ്രവർത്തനങ്ങൾക്കും സാമ്പത്തിക സഹായം നൽകുന്ന സംസ്ഥാന സംയുക്ത നിധി (അമാൽഗമേറ്റഡ് ഫണ്ട്)യുടെയും, രാജ്യ സൈനിക ബോർഡിന്റെയും, പതാക ദിന ഫണ്ടിന്റെയും, സെക്രട്ടറി എന്നീ ഔദ്യോഗിക ചുമതലകള്‍ കൂടി സൈനികക്ഷേമ ഡയറക്ടർക്ക് ഉണ്ട്. പതാക നിധിയില്‍ നിന്നും സ്വരൂപിക്കുന്ന പണം വിമുക്ത ഭടന്മാരുടെ ക്ഷേമ പ്രവർത്തനങ്ങൾക്കായി നീക്കി വച്ചിട്ടുണ്ട്. ബഹു: സംസ്ഥാന ഗവർണർ സംയുക്ത നിധിയുടെ ചെയർമാനും, മുഖ്യമന്ത്രി, രാജ്യ സൈനിക ബോർഡിൻ്റെയും പതാക ദിന ഫണ്ട് കമ്മിറ്റിയുടെയും പ്രസിഡന്റുമാണ്.
ലക്ഷ്യങ്ങളും ചുമതലകളും
- വിമുക്ത ഭടന്മാരുടെ പുനരധിവാസത്തിനും അവരുടെയും സൈനികരുടെയും കുടുംബാംഗങ്ങളുടെയും ക്ഷേമ പ്രവർത്തനങ്ങൾ നടപ്പിലാക്കുക.
- സംയുക്ത നിധിയുടെയും (അമാൽഗമേറ്റഡ് ഫണ്ട്) സൈനികക്ഷേമ നിധിയുടെയും ഭരണകാര്യങ്ങളും ശരിയായ വിനിയോഗവും കൈകാര്യം ചെയ്യുക.
- വിമുക്ത ഭടന്മാരെയും, സൈന്യത്തെയും സംബന്ധിച്ചുള്ള കാര്യങ്ങളില്‍ ജനങ്ങളെ ബോധവാന്മാരാക്കുക.
- സൈന്യ സേവനത്തിന് യുവജനങ്ങളെ പ്രേരിപ്പിക്കുക.
- സൈനികക്ഷേമ വകുപ്പിന് കീഴിൽ നടപ്പിലാക്കുന്ന ക്ഷേമപ്രവര്‍ത്തനങ്ങളെ പ്രധാനമായും തൊഴില്‍ സഹായം, സാമ്പത്തിക സഹായം, അമാൽഗമേറ്റഡ് ഫണ്ടിൽ നിന്നുള്ള സഹായങ്ങൾ, സംസ്ഥാന സർക്കാരിൽ നിന്നുള്ള മറ്റ് ധനസഹായങ്ങൾ എന്നിങ്ങനെ തരം തിരിക്കാം.