സംസ്ഥാന സര്‍ക്കാരില്‍ നിന്നുള്ള മറ്റു ധനസഹായങ്ങള്‍

1.   ഭവന നിര്‍മ്മാണത്തിന് ധനസഹായം

യുദ്ധം, സൈനിക ഓപ്പറേഷന്‍ എന്നിവയുടെ ഭാഗമായി ശാരീരിക പരിമിതിമൂലം ബോര്‍ഡ്‌ ഔട്ട്‌ ചെയ്യപ്പെട്ട സൈനികര്‍/ സൈനികസേവനത്തിലിരിക്കെ മരണപ്പെട്ട സൈനികരുടെ വിധവകള്‍/ സൈനിക സേവനത്തിലിരിക്കെ ഡ്യൂട്ടിക്കിടെ സംഭവിച്ച അപകടം കാരണം ബോര്‍ഡ്‌ ഔട്ട്‌ ആയ സൈനികര്‍/ സേവനത്തിലിരിക്കെ സേവനത്തിന്റെ ഭാഗമായുള്ള ചുറ്റുപാടുകളില്‍ നിന്ന് സംഭവിച്ചതോ അത് കാരണം അധികരിച്ചതോ ആയ അസുഖങ്ങള്‍ കാരണം ബോര്‍ഡ്‌ ഔട്ട്‌ ആയ സൈനികര്‍/ ട്രെയിനിംഗിനിടെ ശാരീരിക പരിമിതി കാരണം ഡിസബിലിറ്റി പെന്‍ഷനോട് കൂടി ബോര്‍ഡ്‌ ഔട്ട്‌ ആയ റിക്രൂട്ടുകള്‍/ ഇവരുടെ ആഭാവത്തില്‍ ഭവനരഹിതരായ, 60 വയസ്സില്‍ താഴെ പ്രായമുള്ള വിമുക്തഭടന്മാര്‍ എന്നിവര്‍ക്ക് സ്വന്തമായി വീടില്ലെങ്കില്‍ ഭവന നിര്‍മ്മാണത്തിന് ധനസഹായമായി 2 ലക്ഷം രൂപ നല്‍കി വരുന്നു. അപേക്ഷിക്കാനുള്ള വാര്‍ഷിക വരുമാന പരിധി 3 ലക്ഷം രൂപ. അപേക്ഷ ജില്ലാ സൈനിക ഓഫീസുകളില്‍ മരണപ്പെട്ട് /പിരിഞ്ഞ് വന്ന് 5 വര്‍ഷത്തിനകം നല്‍കേണ്ടതാണ്. യുദ്ധത്തില്‍ മരണപ്പെട്ട സൈനികരുടെ വിധവകള്‍ക്കും അംഗ വൈകല്യം സംഭവിച്ച് ബോര്‍ഡ്‌ ഔട്ട്‌ ചെയ്യപ്പെട്ട സൈനികര്‍ക്കും വരുമാനപരിധി ബാധകമല്ല.

2. ധീരതാപുരസ്ക്കാരങ്ങള്‍ ലഭിച്ചവര്‍ക്ക് ക്യാഷ് അവാര്‍ഡ്‌

ധീരതയ്ക്ക് ബഹുമതി പുരസ്കാരങ്ങള്‍ ലഭിച്ച കേരളീയര്‍ക്ക് സംസ്ഥാന സര്‍ക്കാരില്‍ നിന്ന് ക്യാഷ് അവാര്‍ഡ്‌ നല്‍കുന്നു. പരമവീര ചക്രം മുതല്‍ മെന് ഷന്‍-ഇന്‍-ഡസ്പാച്ച് വരെ ലഭിക്കുന്നവര്‍ക്ക് ഈ ആനുകൂല്യം നല്കിവരുന്നു.

3. നോണ്‍ ഗ്യാലന്ററി അവാര്‍ഡ്‌ ജേതാക്കള്‍ക്ക് ക്യാഷ് അവാര്‍ഡ്‌

പരംവിശിഷ്ട സേവാ മെഡല്‍, അതിവിശിഷ്ട സേവാ മെഡല്‍, വിശിഷ്ട സേവാ മെഡല്‍ ലഭിച്ചവര്‍ക്ക് സംസ്ഥാന സര്‍ക്കാരില്‍ നിന്നും യഥാക്രമം 100,000/-, 50,000/-, 25,000/- രൂപ വീതം ഒറ്റത്തവണ ക്യാഷ് അവാര്‍ഡായി നല്‍കുന്നു

4.   പ്രാദേശിക സേനാ മെഡല്‍ ജേതാക്കള്‍ക്ക് ക്യാഷ് അവാര്‍ഡ്‌

പ്രാദേശിക സേനാ (Territorial Army) വിഭാഗങ്ങളിലെ ടി.എ. ഡക്കറേഷന്‍ /ടി.എ മെഡല്‍ സൈനികര്‍ക്ക് 5,000/- രൂപ ക്യാഷ് അവാര്‍ഡ്‌ നല്‍കുന്നു.

5. മുഖ്യമന്ത്രിയുടെ സൈനിക ക്ഷേമനിധി

യുദ്ധത്തിലോ, യുദ്ധസമാന സാഹചര്യങ്ങളിലോ, സൈനിക സേവനത്തിനിടക്ക് കൊല്ലപ്പെടുന്ന, കാണാതാകുന്ന, അംഗവൈകല്യം സംഭവിക്കുന്ന പ്രതിരോധ സേനാഗംങ്ങളുടെ ആശ്രിതര്‍ക്ക് മുഖ്യമന്ത്രിയുടെ സൈനികക്ഷേമനിധിയില്‍ നിന്നും പരമാവധി 10 ലക്ഷം വരെ ധനസഹായം അര്‍ഹതയ്ക്ക് വിധേയമായി നല്‍കുന്നു. പാരാമിലിട്ടറി/ GREF വിഭാഗത്തില്‍പെട്ടവര്‍ക്കും ഈ ആനുകൂല്യത്തിന് അര്‍ഹതയുണ്ട്. ഭീകരവാദികള്‍/ തീവ്രവാദികള്‍/ നക്സലൈറ്റുകള്‍ എന്നിവരുമായി ഉണ്ടാകുന്ന ഏറ്റുമുട്ടലില്‍ പ്രതിരോധ സേന/ പാരാ മിലിട്ടറി/ സി എ പി എഫ് വിഭാഗത്തില്‍പെട്ട അംഗവൈകല്യം സംഭവിക്കുന്നവര്‍ക്ക് 3 ലക്ഷം രൂപ വരെയും ധനസഹായത്തിന് അര്‍ഹതയുണ്ട്.

6.   കേഡറ്റ് സ്കോളര്‍ഷിപ്പ്‌

സൈനിക അക്കാദമികളിലും സൈനിക നഴ്സിംഗ് കോളേജ്/ സ്കൂള്‍ എന്നിവകളില്‍ നേരിട്ട് പ്രവേശനം നേടി പരിശീലനാന്തരം സേനയില്‍ കമ്മിഷനിംഗ് ലഭിച്ച് സേവനം തുടരുന്ന കേരളീയരായ കാഡറ്റുകള്‍ക്ക് സ്കോളര്‍ഷിപ്പ്‌ നല്‍കി വരുന്നു. സ്കോളര്‍ഷിപ്പ്‌ തുക ഓഫീസര്‍ കാഡറ്റ് – 200,000/- രൂപ നഴ്സിംഗ് കാഡറ്റ് 100,000/- രൂപ

7.   ബി.എസ്..എസ് (ബ്രൈറ്റ് സ്റ്റുഡന്റ്റ് സ്ക്കൊളര്‍ഷിപ്പ്)

പഠനത്തില്‍ മിടുക്കരായ വിമുക്തഭടന്മാരുടെ കുട്ടികള്‍ പത്താം തരം മുതല്‍ ബിരുദാനന്തര ബിരുദം വരെയുള്ള കോഴ്സുകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ വാര്‍ഷിക സ്കോളര്‍ഷിപ്പ്‌ (2,500/- രൂപ മുതല്‍ 4,000/- രൂപ വരെ) നല്‍കി വരുന്നു. വാര്‍ഷിക കുടുംബ വരുമാനം 3 ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല. വാര്‍ഷികാന്ത്യ പരീക്ഷയില്‍ 50 ശതമാനത്തില്‍ കുറയാതെ മാര്‍ക്ക്‌ വാങ്ങിയവര്‍ക്ക് ഇതിനപേക്ഷിക്കാവുന്നതാണ്.

8. രണ്ടാം ലോക മഹായുദ്ധത്തില്‍ പങ്കെടുത്ത സേനാനികള്‍ക്കും അവരുടെ വിധവകള്‍ക്കും ധനസഹായം

രണ്ടാം ലോക മഹായുദ്ധത്തില്‍ പങ്കെടുത്ത (03.09.1939 നും 01.04.1946 നും ഇടയില്‍ സര്‍വീസിലുണ്ടായിരുന്ന) യോദ്ധാകള്‍ക്കും വിധവകള്‍ക്കും പ്രതിമാസം 8,000/- രൂപ ധനസഹായം നല്‍കുന്നു. പുനര്‍നിയമനം ലഭിച്ചവരും, വാര്‍ഷിക കുടുംബ വരുമാനം 50,000/- രൂപയില്‍ കൂടുതലുള്ളവരും മറ്റ് പെന്‍ഷനുകള്‍ ലഭിക്കുന്നവരും ഇതിനര്‍ഹരല്ല.

9.  സ്കോളര്‍ഷിപ്പ്‌

സാങ്കേതികവും തൊഴിലധിഷ്ഠിതവുമായ വിവിധ കോഴ്സുകളില്‍ പഠിക്കുന്ന വിമുക്തഭടന്മാരുടെ മക്കള്‍ക്ക്‌ 3,000/- രൂപ മുതല്‍ 10,000/- രൂപ വരെ സ്കോളര്‍ഷിപ്പ്‌ നിബന്ധനകള്‍ക്ക് വിധേയമായി നല്‍കി വരുന്നു. വാര്‍ഷിക വരുമാന പരിധി ഇല്ല

10. എന്‍ട്രന്‍സ് കോച്ചിംഗിന്  സാമ്പത്തിക സഹായം

എഞ്ചിനീയറിംഗ് / മെഡിക്കല്‍ പ്രവേശന പരീക്ഷ എഴുതാന്‍ വിമുക്തഭടന്മാരുടെ കുട്ടിക്ക് 12,000/- രൂപ ക്രമത്തില്‍ നിബന്ധനകള്‍ക്ക് വിധേയമായി സാമ്പത്തിക സഹായം നല്‍കുന്നു. (ആകെ 300 അപേക്ഷകര്‍ക്ക്‌ മാത്രം)

11. പുനരധിവാസ പരിശീലനം

വിമുക്തഭടന്മാര്‍ക്കും ആശ്രിതര്‍ക്കും പുനരധിവാസ പരിശീലനം നല്‍കുന്ന സ്ഥാപനങ്ങള്‍ക്ക് ആളൊന്നിന് പരമാവധി 30,000/- രൂപ വരെ നിബന്ധനകള്‍ക്ക് വിധേയമായി നല്‍കിവരുന്നു. കൂടാതെ വിവിധ മേഖലകളില്‍ തൊഴില്‍ ലഭിക്കുന്നതിന് തൊഴിലധിഷ്ടിത പരിശീലനവും നല്‍കിവരുന്നു.